
കോട്ടയം: പാല നഗരസഭയിൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ് അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് പ്രമേയത്തിന് ഭൂരിപക്ഷം ലഭിച്ചത്. ഇതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനുവിന് പദവി നഷ്ടമായി.
26 അംഗങ്ങളുള്ള നഗരസഭയിൽ 17 കൗൺസിലർമാർ യോഗത്തിൽ പങ്കെടുത്തു. ഹാജരായ എല്ലാവരും അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് ഉൾപ്പെടെയുള്ള 12 പ്രതിപക്ഷ കൗൺസിലർമാരും നാല് കോൺഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്ര അംഗവുമാണ് പ്രമേയത്തെ പിന്തുണച്ചത്.
ദിയ ബിനു നേതൃത്വം നൽകിയ സ്വതന്ത്ര കൂട്ടായ്മയുടെ ഭരണത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നിലപാട് കടുപ്പിച്ചതോടെയാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഭരണമാറ്റത്തിന് വഴിയൊരുക്കുന്ന നീക്കത്തെ പിന്തുണയ്ക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നുവെങ്കിലും നാല് കോൺഗ്രസ് കൗൺസിലർമാർ അത് അവഗണിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
വിപ്പ് ലംഘിച്ച സംഭവത്തിൽ ജില്ലാ യുഡിഎഫ് നേതൃത്വവും കോൺഗ്രസ് നേതൃത്വവും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
ദിയ ബിനു ഉൾപ്പെടുന്ന പുളിക്കക്കണ്ടം കുടുംബാംഗങ്ങൾ, കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം, സ്വതന്ത്രർ എന്നിവരടങ്ങിയ 14 അംഗങ്ങളായിരുന്നു ഭരണപക്ഷത്തുണ്ടായിരുന്നത്. എന്നാൽ സ്വതന്ത്ര കൂട്ടായ്മയ്ക്കുള്ള പിന്തുണ പിൻവലിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചത് കോൺഗ്രസായിരുന്നു.










